Saturday, October 31, 2026
HomeUncategorizedമണ്ണാറക്കുളഞ്ഞി–ചാലക്കയം റോഡിൽ സുരക്ഷാ ഭീഷണി; പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തി പഴകുളം മധു എംഎൽഎ

മണ്ണാറക്കുളഞ്ഞി–ചാലക്കയം റോഡിൽ സുരക്ഷാ ഭീഷണി; പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തി പഴകുളം മധു എംഎൽഎ

ശബരിമലയിലേക്കുള്ള പ്രധാന തീർത്ഥാടന പാതകളിലൊന്നായ മണ്ണാറക്കുളഞ്ഞി–ചാലക്കയം റോഡിൽ തകർച്ചയും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും തീർത്ഥാടകർക്ക് ഭീഷണിയാകുന്നു. റോഡിലെ കുഴികൾ, പൂർത്തിയാകാത്ത ഓടകൾ, തകർന്ന സംരക്ഷണ വേലികൾ, പമ്പാനദിയോട് ചേർന്നുള്ള ഭാഗങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ അഭാവം തുടങ്ങിയ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ഉന്നയിച്ച് റാന്നി എംഎൽഎ അഡ്വ. പഴകുളം മധു റോഡിലെ വിവിധ ഭാഗങ്ങൾ നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമാണപ്രവൃത്തികൾ നടത്തിയിരുന്നെങ്കിലും റോഡിന്റെ പല ഭാഗങ്ങളും ഇപ്പോൾ തകർന്ന നിലയിലാണ്. റോഡരികിലെ ഐറിഷ് നിർമാണവും ഓടകളുടെ പ്രവൃത്തികളും പലയിടങ്ങളിലും പൂർത്തിയായിട്ടില്ല. റോഡിന്റെ മധ്യഭാഗത്തുതന്നെ കുഴികൾ രൂപപ്പെടുന്നതും പൈപ്പുകൾ പൊട്ടി കിടക്കുന്നതും യാത്രാദുരിതം വർധിപ്പിക്കുന്നു.
കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറി റോഡിന്റെ ചില ഭാഗങ്ങൾ ഇടിഞ്ഞുതാഴ്ന്നിരുന്നു. അപകടസാധ്യത കുറയ്ക്കുന്നതിനായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും കോൺക്രീറ്റ് സംരക്ഷണ സംവിധാനങ്ങളും പലയിടങ്ങളിലും തകർന്നിട്ടുണ്ട്. പമ്പാനദിയോട് ചേർന്നുള്ള ഭാഗങ്ങളിൽ റോഡിന്റെ വശങ്ങളിൽ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതും ആശങ്ക ഉയർത്തുന്നു.
തുലാമാസ തീർത്ഥാടനകാലത്ത് ഉൾപ്പെടെ ഈ പാതയിൽ നിരവധി അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ, ഇന്നലെ അപകടമുണ്ടായ സ്ഥലവും എംഎൽഎ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പരിശോധിച്ചു.
പല സ്ഥലങ്ങളിലും കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടക്കാൻ പോലും മതിയായ സ്ഥലം ലഭിക്കാത്ത സാഹചര്യമുണ്ട്. ഇത്തരം ഭാഗങ്ങളിൽ ഐറിഷ് നിർമാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ ആരംഭിച്ച് പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും എംഎൽഎ ചൂണ്ടിക്കാട്ടി.
റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയപാതയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായി അഡ്വ. പഴകുളം മധു ഫോണിൽ സംസാരിച്ചു. റോഡിലെ കുഴികൾ അടയ്ക്കുക, തകർന്ന ഭാഗങ്ങൾ പുനർനിർമിക്കുക, ഓടകളും ഐറിഷ് പ്രവൃത്തികളും പൂർത്തിയാക്കുക, പൈപ്പ് തകരാറുകൾ പരിഹരിക്കുക, സുരക്ഷാ വേലികളും ബാരിക്കേഡുകളും പുനഃസ്ഥാപിക്കുക, അപകടകരമായ മരങ്ങൾ നീക്കം ചെയ്യുക തുടങ്ങിയ നടപടികൾ അടിയന്തരമായി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments