Saturday, October 31, 2026
HomeUncategorizedസ്‌പെഷ്യല്‍ സമ്മറി റിവിഷന്‍: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്താനും അവസരം

സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്താനും അവസരം

അര്‍ഹരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്തുന്നതിനും പട്ടികയിലെ അപാകതകള്‍ പരിഹരിക്കുന്നതിനുമായി 2027 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ച് വോട്ടര്‍ പട്ടികയുടെ സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ (എസ്.എസ്.ആര്‍) നടത്തുന്നതിന് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് 2026 നവംബര്‍ രണ്ടിനകം പോളിംഗ് സ്‌റ്റേഷനുകളുടെ യുക്തിസഹമായ പുനക്രമീകരണം, നവംബര്‍ 12 നകം കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കല്‍ എന്നിവ പൂര്‍ത്തിയാക്കണം. അവകാശവാദങ്ങളും ആക്ഷേപങ്ങളും നവംബര്‍ 12 മുതല്‍ ഡിസംബര്‍ 11 വരെ സമര്‍പ്പിക്കാം. ഡിസംബര്‍ 28 നകം ഇവയുടെ തീര്‍പ്പാക്കല്‍ പൂര്‍ത്തിയാക്കണം. അന്തിമ വോട്ടര്‍ പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.  

പുതിയ വോട്ടര്‍ രജിസ്‌ട്രേഷന്‍, വിവരങ്ങളുടെ തിരുത്തല്‍, താമസസ്ഥലമാറ്റം, വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള അപേക്ഷകള്‍ എന്നിവ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. അപേക്ഷകര്‍ നിയമപ്രകാരമുള്ള ഫോം ആറ്, ഏഴ്, എട്ട് എന്നിവ ഓണ്‍ലൈനായി (സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടല്‍/വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്പ് വഴി) സമര്‍പ്പിക്കണം. അര്‍ഹരായ വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിനായി വില്ലേജ് തലങ്ങളില്‍ ഒക്ടോബര്‍ 31 വരെ ഹെല്‍പ്പ് ഡെസ്‌ക്കുകളുടെ സേവനം ലഭിക്കും.
എസ്.എസ്.ആര്‍ 2027 ന്റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സഹകരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അഭ്യര്‍ത്ഥിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുവാനുള്ള അവസരം പൊതുജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും സംശയനിവാരണത്തിനുമായി ബന്ധപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസറെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറെയോ സമീപിക്കണം. വിവരങ്ങള്‍ക്ക് ജില്ലാ ഇലക്ഷന്‍ വിഭാഗവുമായി 0468 2224256 നമ്പരില്‍ ബന്ധപ്പെടണം.

.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments