Wednesday, September 16, 2026
HomeUncategorizedമൂഴിയാർ എസ് എച്ച് ഒ ക്കു മുന്നിൽ ദുരിതാവസ്ഥ അറിയിച്ച ഉന്നതി നിവാസികൾക്ക് പോലീസ് സ്റ്റേഷനിലെ...

മൂഴിയാർ എസ് എച്ച് ഒ ക്കു മുന്നിൽ ദുരിതാവസ്ഥ അറിയിച്ച ഉന്നതി നിവാസികൾക്ക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയിൽ സഹായം എത്തിച്ചു.

പോലീസ് സ്റ്റേഷനിലെ ഓണസദ്യക്ക് ആദിവാസി ഉന്നതിയിലെ അംഗങ്ങളെ ക്ഷണിക്കാൻ ചെന്ന മൂഴിയാർ എസ് എച്ച് ഒ ക്കു മുന്നിൽ ദുരിതാവസ്ഥ അറിയിച്ച് ഉന്നതി നിവാസികൾ. മൂഴിയാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയിൽ ഉടനടി സഹായം എത്തിച്ചു.മൂഴിയാർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊച്ചാണ്ടി എന്ന സ്ഥലത്ത് ഫോറസ്റ്റ് ചെക്ക് പോസ്റ്റിനോട് ചേർന്നുള്ള ആദിവാസി ഉന്നതിയിൽ നാല് കുടുംബങ്ങളിലായി 17 പേരാണ് ഇപ്പോൾ ഉള്ളത്. തിങ്കളാഴ്ച മൂഴിയാർ പോലീസ് സ്റ്റേഷനിൽ നടക്കുന്ന ഓണസദ്യയിലേക്ക് ഇവരെയും ക്ഷണിക്കാൻ ഉന്നതിയിൽ എത്തിയതായിരുന്നു എസ് എച്ച് ഒ രവീന്ദ്രൻ ഏ ആർ , എസ് ഐ അനിൽകുമാർ , സി പി ഒ ചിഞ്ചു ബോസ്, സി പി ഒ വിനീത് എന്നിവർ.
തിങ്കളാഴ്ച സ്റ്റേഷനിൽ നടക്കുന്ന ഓണസദ്യ ക്ഷണിക്കുന്നതോടൊപ്പം രാവിലെ എന്ത് കഴിച്ചു എന്ന് കുട്ടികളോട് എസ്എച്ച്ഓ ആരാഞ്ഞു. ഇന്ന് രാവിലെ ഒന്നും കഴിച്ചില്ല എന്ന് മാത്രമല്ല പല ദിവസങ്ങളിലും പട്ടിണിയാണ് എന്ന് കുട്ടികൾ ഉൾപ്പെടെ അറിയിച്ചു.
ഉടൻതന്നെ തിരികെ സ്റ്റേഷനിലേക്ക് പോയ പോലീസ് സംഘം മൂഴിയാർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നാല് കുടുംബങ്ങൾക്കും ആവശ്യമായ പലവ്യഞ്ജന സാധനങ്ങൾ , പച്ചക്കറി , മീൻ കൂടാതെ കുട്ടികൾക്ക് ബിസ്ക്കറ്റ് മറ്റ് ബേക്കറി സാധനങ്ങൾ എന്നിവയുമായി തിരികെ എത്തി.
ഓണം ആഘോഷിക്കാനുള്ള സാധനങ്ങൾ ലഭിച്ചതോടൊപ്പം പോലീസ് സ്റ്റേഷനിലെ ഓണസദ്യയ്ക്ക് ക്ഷണം ലഭിച്ചതും കൂടിയായപ്പോൾ കൊച്ചാണ്ടി ഉന്നതിയിലെ നിവാസികൾ സന്തുഷ്ടരായി.
ഉടൻ വന്നു കുട്ടികളുടെ വക അടുത്ത ആവശ്യം , ‘സ്കൂളിൽ പോകാൻ ആഗ്രഹമുണ്ട് പക്ഷെ വാഹനസൗകര്യം ലഭിക്കാത്തതുകൊണ്ട് വളരെ ബുദ്ധിമുട്ടിലാണ്.’ ഓണത്തിനുശേഷം സ്കൂൾ തുറക്കുമ്പോൾ സ്കൂളിൽ എത്താനുള്ള വാഹനസൗകര്യവും ഉറപ്പാക്കാം എന്ന് കുട്ടികൾക്ക് മൂഴിയാർ എസ് എച്ച് ഒ യുടെ ഉറപ്പ്. തിങ്കളാഴ്ച മുഴിയാർ പോലീസ് സ്റ്റേഷനിൽ നടക്കുന്ന ഓണസദ്യയിൽ എത്തിച്ചേരാമെന്ന ഉറപ്പോടെയും സന്തോഷത്തോടെയും ഉന്നതി നിവാസികൾ പോലീസ് സംഘത്തെ യാത്രയാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments