നദിയെ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ യുവജനസഖ്യം സംഘടിപ്പിച്ച മാരത്തോൺ നാടിന് പരിസ്ഥിതി സംരക്ഷണ സന്ദേശം പകർന്നതോടൊപ്പം മതസൗഹാർദ്ദത്തിൻ്റെയും സാമൂഹ്യ ഐക്യത്തിൻ്റെയും വേറിട്ട മാതൃകയായി
പ്രസിഡൻ്റ് റവ സജു ശാമുവേൽ സി യുടെയും യുവജനസഖ്യം ഭാരവാഹികളുടെയും നേതൃത്വത്തിൽ നദീ സംരക്ഷണത്തിന്റെ ആവശ്യകത പൊതുജനങ്ങളിലേക്കും അധികാരികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മാരത്തോൺ ശ്രീപോരുരുട്ടിക്കാവ് ഭഗവതി ക്ഷേത്രാങ്കണത്തിൽ നിന്നുമാണ് ആരംഭിച്ചത്
തുരുത്തിക്കാട് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി സൗഹാർദ്ദ പരിപാടിക്ക് ശ്രീ പോരുരുട്ടിക്കാവ് ദേവീക്ഷേത്ര ഭരണസമിതിയുടെ പരിപൂർണ്ണ പിന്തുണയും സഹകരണവും ലഭിച്ചത് മതസൗഹാർദ്ദത്തിൻ്റെയും നാടിൻ്റെ പൊതുന്മയ്ക്കായുള്ള കൂട്ടായ്മയുടെയും ഹൃദ്യമായ അനുഭവമായി ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് അജേഷ് മാരത്തോൺ ഫ്ളാഗ് ഓഫ് ചെയ്തു
ഈ അസുലഭ സന്ദർഭത്തിന്റെ സ്മരണ നിലനിർത്താനായി ക്ഷേത്രാങ്കണത്തിൽ റവ സജു ശാമുവേൽ സി, ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് ശ്രീ അജേഷ് ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ഗിരി കുമാർ തുരുത്തിക്കാട് പ്രദേശത്തെ മുതിർന്ന വൈദീകൻ റവ എം സി ജോൺ മരുതുക്കുന്നേൽ എന്നിവർ ചേർന്ന് ഫലവൃക്ഷത്തെ നടുകയും ചെയ്തു
സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ളവർ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മാരത്തോണിൽ യുവജനസഖ്യത്തോടൊപ്പം ശ്രീ പോരുരുട്ടിക്കാവ് ദേവീക്ഷേത്ര ഭരണസമിതി അംഗങ്ങൾ, തുരുത്തിക്കാട് ബിഎഎം കോളേജ് നാഷണൽ സർവീസ് സ്കീം വോളണ്ടിയേർസ്,തുരുത്തിക്കാട് പബ്ലിക് ലൈബ്രറി അംഗങ്ങൾ, നാട്ടുകാർ എന്നിവരും അണിചേർന്നു
നദീ സംരക്ഷണ സന്ദേശത്തോടൊപ്പം
നാടിൻ്റെ പൊതുന്മക്കായി ഒരുമിക്കുവാൻ ജാതിമതഭേദങ്ങൾ തടസമല്ല എന്ന മനോഹര മാതൃകയായി തുരുത്തിക്കാട് ഗ്രാമത്തിലെ ഈ പ്രഭാതം മാറി
നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ: മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ
ആദിവാസി ഉന്നതിയിലെ കുരുന്നുകളോടൊപ്പം ചേർന്ന് ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് കോന്നി ഡി വൈ എസ് പി
മുഴിയാർ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു കോന്നി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം എ അബ്ദുൽ റഹീം. മുഴിയാർ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് വിശിഷ്ടാതിഥികളായി ക്ഷണിച്ചിരുന്നത് ആങ്ങമൂഴിയിലെ കൊച്ചാണ്ടി ഉന്നതിയിലെ നിവാസികളെ ആയിരുന്നു. ഇതറിഞ്ഞാണ് മറ്റ് ആഘോഷ പരിപാടികൾ ഉണ്ടായിരുന്നിട്ടും അതെല്ലാം മാറ്റിവച്ച് കോന്നി ഡിവൈഎസ്പി മുഴിയാർ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് എത്തിയത്.
കഴിഞ്ഞ ദിവസം സ്റ്റേഷനിലെ ഓണാഘോഷത്തിലും, ഓണ സദ്യയിലും പങ്കെടുക്കുന്നതിനായി കൊച്ചാണ്ടി ഉന്നതിയിലെ നിവാസികളെ ക്ഷണിക്കുവാൻ മൂഴിയാർ എസ് എച്ച് ഓ A R രവീന്ദ്രൻ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ പോയിരുന്നു. അന്ന് അവരുടെ ദുരിതാവസ്ഥ മനസ്സിലാക്കി ഓണം ആഘോഷിക്കാനുള്ള സാധനങ്ങൾ അവർക്ക് വാങ്ങി നൽകുകയും ചെയ്തിരുന്നു. തുടർന്ന് തിങ്കളാഴ്ച സ്റ്റേഷനിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്നും സദ്യ ഉൾപ്പെടെ കഴിച്ചിട്ടേ മടങ്ങാവൂ എന്നും അവരോട് പറഞ്ഞിരുന്നു.
അതനുസരിച്ചാണ് ആദിവാസി ഉന്നതിയിലെ 15 ഓളം നിവാസികൾ മുഴിയാർ പോലീസ് സ്റ്റേഷനിൽ എത്തിയത്. മുറിയാർ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയിലെ വിശിഷ്ട അതിഥികൾ ഇവരാണ് എന്ന് അറിഞ്ഞ് മറ്റു പരിപാടികൾ മാറ്റിവെച്ച് കോന്നി ഡിവൈഎസ്പിയും ചടങ്ങിന് എത്തി. ഉദ്ഘാടകനായ കോന്നി ഡിവൈഎസ്പി വിളക്ക് തെളിക്കുന്നതിനായി ആദിവാസി ഉന്നതിയിലെ കുട്ടികളെയും ഒപ്പം കൂട്ടി. കൊച്ചാണ്ടി ആദിവാസി ഉന്നതയിലെ കുരുന്നുകൾക്ക് ഇതൊരു പുതിയ അനുഭവം. ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഒരു പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാൻ നിലവിളക്ക് തെളിക്കാൻ തങ്ങളെയും ഒപ്പം കൂട്ടി. ഉന്നതിയിലെ കുട്ടികൾ ഉൾപ്പെടെയുള്ള എല്ലാവരും പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികൾ പങ്കെടുക്കുകയും ഓണസദ്യ കഴിക്കുകയും ചെയ്തു സന്തോഷത്തോടെയാണ് മടങ്ങിയത്. ഉന്നതിയിലെ കുട്ടികളുടെ ആവശ്യപ്രകാരം ഓണ അവധിക്ക് ശേഷം സ്കൂളിൽ എത്തുന്നതിനുള്ള വാഹനസൗകര്യവും ഏർപ്പെടുത്തി നൽകാമെന്ന് എസ്എച്ച് ഉറപ്പ് നൽകിയിട്ടുണ്ട്. സമൂഹത്തിൽ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഇതുപോലെയുള്ള സഹജീവികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ കേരള പോലീസിന്റെ ഭാഗത്തുനിന്ന് ഇനിയും ഉണ്ടാകുമെന്ന് മുഴിയാർ എസ് എച്ച് ഓ എ ആർ രവീന്ദ്രൻ പറഞ്ഞു.
റാന്നി അത്തിക്കയത്ത് യുവാവിനെ ബ്രാണ്ടി കുപ്പി പൊട്ടിച്ച് ആക്രമിച്ച കേസിൽ സഹോദരങ്ങൾ റിമാൻഡിലായി
റാന്നി അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് റോഡിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും , യുവാവിനെ ബ്രാണ്ടി കുപ്പി കൊണ്ട് ആക്രമിച്ച് പരിഹരിപ്പിക്കുകയും ചെയ്ത കേസിൽ സഹോദരങ്ങളായ രണ്ട് പേരെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു.
അത്തിക്കയം കണ്ണമ്പള്ളി വലിയ പറമ്പിൽ വീട്ടിൽ നിതിൻ ബിനു (24) ഇയാളുടെ സഹോദരൻ നിഖിൽ ബിനു (22) എന്നിവരാണ് പെരുനാട് പോലീസിന്റെ പിടിയിലായത്.ഞായറാഴ്ച രാത്രി 11.15 ഓടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പെരുനാട് അത്തിക്കയം റോഡിൽ ഓണാഘോഷ പരിപാടികൾക്കിടെ മദ്യപിച്ച് എത്തിയ സഹോദരങ്ങൾ പ്രശ്നമുണ്ടാക്കുകയും , അവിടെ കൂടിയവരോട് വാക്കുതർക്കം ഉണ്ടാവുകയും സമീപത്തുനിന്ന നാറാണംമൂഴി സ്വദേശിയായ ലിബു എന്ന യുവാവിനെ ഒരു ബ്രാണ്ടി കുപ്പി പൊട്ടിച്ച് കുത്തി പരിക്കേൽപ്പിക്കുകയും ആയിരുന്നു. പരിക്കേറ്റ യുവാവ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. യുവാവിന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത പെരുനാട് പോലീസ് രണ്ടു പ്രതികളെയും വളരെ വേഗം അറസ്റ്റ് ചെയ്തു.എസ് ഐ മാരായ മിഥുൻ അശോക് , കൃഷ്ണൻകുട്ടി , എസ് സി പി ഒ മാരായ രാജേഷ് പി ബി, ബിജു വിശ്വനാഥൻ , സി പി ഒ മാരായ പ്രസാദ് എസ്, അനൂപ് വിജയൻ , രാംപ്രകാശ് ഇ എം, സുധീർ , അനന്ദു എം എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു.
പന്തളത്ത് വയോധികയെയും മകനെയും ക്രൂരമായി ആക്രമിച്ച പ്രതികൾ പോലീസ് പിടിയിൽ
പന്തളത്ത് മുൻ വൈരാഗ്യത്താൽ വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയായ മാതാവിനെയും മകനെയും ആക്രമിച്ച കേസിൽ മൂന്ന് പ്രതികളെ പന്തളം പോലീസ് പിടികൂടി.
പന്തളം കുന്നിക്കുഴി അനിഴം വീട്ടിൽ ചിണ്ടൻ എന്ന് വിളിക്കുന്ന ബിനു (46) , പന്തളം തോട്ടക്കോണം കൊച്ചുതറമേൽ വീട്ടിൽ മണികണ്ഠൻ എന്ന് വിളിക്കുന്ന രാഹുൽ ആർ നായർ (29), പന്തളം ചെറുമല തരിപ്പോട്ടിൽ വടക്കേതിൽ വീട്ടിൽ സുജിത്ത് (39) എന്നിവരെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം പതിനൊന്നാം തീയതി രാത്രി 9 30 ഓടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
പന്തളം മുളമ്പുഴ വലിയ തറയിൽ ലീലാമ്മ ഫിലിപ്പിന്റെ വീട്ടിലാണ് ഇവർ അക്രമം കാട്ടിയത്.മുൻവശത്തെ വാതിൽ ചവിട്ടി പൊളിച്ച് അകത്തുകയറി വയോധികയെ ഭീഷണിപ്പെടുത്തുകയും ഇവരുടെ മകനെ ആക്രമിക്കുകയും ചെയ്തു.വീടിനും നാശനഷ്ടം ഉണ്ടാക്കിയ പ്രതികൾ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഇവിടെ നിന്നും പോയത്. വിവരമറിഞ്ഞ് പന്തളം സ്റ്റേഷനിൽ നിന്നും പോലീസ് സംഘം എത്തിയപ്പോഴേക്കും അക്രമിസംഘം കടന്ന് കളഞ്ഞിരുന്നു. പ്രതികളിൽ ഒരാളായ ബിനുവിനെ പതിനെട്ടാം തീയതി പോലീസ് പിടികൂടിയിരുന്നു.മറ്റു പ്രതികൾ ഒളിവിൽ ആയിരുന്നു.പന്തളം പോലീസിന്റെ ശ്രമകരമായ അന്വേഷണമാണ് ബാക്കി പ്രതികളെയും പിടികൂടാൻ കഴിഞ്ഞത്.പന്തളം സർക്കിൾ ഇൻസ്പെക്ടർ സി ബാബു കുറുപ്പിന്റെ മേൽനോട്ടത്തിൽ എസ് എച്ച് ഒ എബിൻ പ്രസാദ്,പോലീസ് ഉദ്യോഗസ്ഥരായ ശരത് എസ് പിള്ള,എസ് അൻവർഷ ,എസ് വിഷ്ണു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് സാഹസിക നീക്കങ്ങളിലൂടെ പ്രതികളെ പിടികൂടിയത്.അറസ്റ്റിലായ പ്രതികളെ അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ക്ഷേത്രത്തിനുള്ളിൽ വച്ച് സ്ത്രീയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച പൂജാരിയെ അറസ്റ്റ് ചെയ്തു.
ക്ഷേത്രത്തിനുള്ളിൽ വച്ച് സ്ത്രീയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച പൂജാരിയെ അറസ്റ്റ് ചെയ്തു.
അതിരാവിലെ ക്ഷേത്രത്തിലെത്തിയ കഴകം ജോലിചെയ്യുന്ന സ്ത്രീയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച ക്ഷേത്രപൂജാരിയെ നാട്ടുകാരുടെ കൂടി സഹായത്തോടെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഇലന്തൂർ പൂക്കോട് ഗുരുമന്ദിരത്തിന് സമീപം മെട്ടയിൽ വീട്ടിൽ ബിജുമോൻ എം പി (52) എന്നയാളാണ് ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. ഇയാൾ ഇലവുംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിലെ പൂജാരിയാണ്. ഇതേ ക്ഷേത്രത്തിൽ ഇയാളോടൊപ്പം കഴകം ജോലി ചെയ്തുവന്നിരുന്ന വിജയമ്മ (63) എന്ന സ്ത്രീയുടെ മാലയാണ് ഇയാൾ പൊട്ടിച്ചെടുക്കാ ക്കാൻ ശ്രമിച്ചത്.
വെള്ളിയാഴ്ച രാവിലെ 6 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കഴകം ജോലി ചെയ്തിരുന്ന വിജയമ്മയാണ് എല്ലാ ദിവസവും രാവിലെ ക്ഷേത്രം തുറന്ന് വൃത്തിയാക്കുന്നത്. പതിവുപോലെ ക്ഷേത്രത്തിന് ഉൾവശം തൂത്ത് വൃത്തിയാക്കി കൊണ്ടിരിക്കുന്ന സമയത്താണ് ക്ഷേത്ര പൂജാരി ആയ ബിജുമോൻ ബൈക്കിലെത്തി ക്ഷേത്രത്തിന് കുറെ ദൂരെയായി ബൈക്ക് ഒതുക്കി പാർക്ക് ചെയ്ത ശേഷം സമീപത്തുള്ള റബ്ബർ തോട്ടത്തിലൂടെ ക്ഷേത്രത്തിനുള്ളിൽ എത്തുകയും ക്ഷേത്രത്തിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു പട്ട് ഉടയാടയിൽ മുളകുപൊടി തട്ടിഇട്ട് അത് കഴകം ജോലി ചെയ്തുകൊണ്ടിരുന്ന വിജയമ്മയുടെ മുഖത്ത് അമർത്തി പിടിക്കുകയും ശ്വാസംമുട്ടിക്കുകയും ചെയ്തു. ഇതേസമയം ഇവരുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. കുതറി മാറി ഉച്ചത്തിൽ നിലവിളിച്ച വിജയമ്മയെ വിട്ട് പൂജാരി പുറത്തേക്ക് ഓടിപ്പോയി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റും ചേർന്ന് സമീപ പ്രദേശങ്ങൾ പരിശോധിക്കുകയും രക്ഷപ്പെടാൻ ശ്രമിച്ച പൂജാരിയെ തടഞ്ഞു വയ്ക്കുകയും ആയിരുന്നു. ഉടൻതന്നെ സ്ഥലത്ത് എത്തിയ ഇലവുംതിട്ട പോലീസ് പൂജാരിയെ കസ്റ്റഡിയിൽ എടുക്കുകയും , തുടർന്ന് വിജയമ്മയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയും ആയിരുന്നു. ഇലവുംതിട്ട എസ് എച്ച് ഒ രാജേഷ് കുമാർ കെ ആർ, എ എസ് ഐ പ്രകാശ് , എസ് സി പി ഒ മാരായ രാകേഷ് , റിജു , സി പി ഒ മാരായ അഖിൽ , മനീഷ് എന്നിവ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഉള്ളന്നൂർ ക്ഷേത്രത്തിൽ പൂജാരിയായി ജോലി ചെയ്തുവന്നിരുന്ന ഇയാൾ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ കൊലപാതക കേസിലും കോയിപ്പുറം സ്റ്റേഷനിലെ മറ്റൊരു ക്രിമിനൽ കേസിലും പ്രതിയാണെന്ന് ചഇലവുംതിട്ട എസ് എച്ച് ഓ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം; അഞ്ചംഗ സംഘം പിടിയിൽ: രണ്ടു പേര്‍ റിമാന്‍ഡില്‍
റാന്നിതാലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ റാന്നി പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ചംഗസംഘത്തിലെ രണ്ടു പേരെ റിമാന്‍ഡ് ചെയ്തു. മർദ്ദനത്തിൽ പരിക്കേറ്റ പെരുനാട് സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ പ്രകാശിനെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുമ്പെട്ടി അത്യാൽ സ്വദേശി മുതുക്കൽകാലായിൽ ദീപു(34),ചെല്ലക്കാട് സ്വദേശി കടാമുള ജുബിൻ മാത്യു(33) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. മോതിരവയൽ സ്വദേശി പുള്ളോലിൽ സുജിത്ത്, അടിച്ചിപ്പുഴ സ്വദേശികളായ അടിമുറിയിൽ വിശാഖ്, പുള്ളോലിൽ ശിവകുമാര്‍ എന്നിവരും ആദ്യം പോലീസിന്‍റെ പിടിയിലായിരുന്നു.എന്നാല്‍ ഇന്നലെ പകല്‍ കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിച്ചതോടെ ഇവരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തൂങ്ങിമരിക്കാൻ ശ്രമിച്ച കരികുളം സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അറിഞ്ഞ് എത്തിയതായിരുന്നു അക്രമികള്‍ അടങ്ങിയ സംഘം. ആശുപത്രിയിലെ ഒ.പി മുറിയിലേക്ക് ഇവർ ബലമായി ഇരച്ചുകയറുന്നതിനിടെ, സമീപത്തെ ബെഡിൽ ട്രിപ്പ് ഇട്ടു കിടത്തിയിരുന്ന കുട്ടി നിലത്തു വീഴാൻ ആഞ്ഞു. ഇത് കുട്ടിയുടെ പിതാവ് ചോദ്യം ചെയ്തതോടെ സംഘം അവരുമായി തർക്കത്തിലേർപ്പെട്ടു.തുടര്‍ന്ന്
സംഘർഷം ഒഴിവാക്കാൻ ഇടപെട്ട സെക്യൂരിറ്റി ജീവനക്കാരൻ പ്രകാശിനെ അക്രമികള്‍ സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.വിവരമറിഞ്ഞെത്തിയ റാന്നി പോലീസ് രാത്രി തന്നെ പ്രതികളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കിയാണ് രണ്ടു പേരെ റിമാന്‍ഡ് ചെയ്തത്



