Friday, September 18, 2026
HomeUncategorizedവന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് സമഗ്ര പദ്ധതി : മന്ത്രി ഷിബു ബേബി ജോണ്‍

വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് സമഗ്ര പദ്ധതി : മന്ത്രി ഷിബു ബേബി ജോണ്‍

സംസ്ഥാനത്ത് വന്യജീവി – മനുഷ്യ സംഘര്‍ഷം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍., റാന്നി വനമേഖലകളിലെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും പരിഹാരത്തിനുമായി ചേര്‍ന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വന്യമൃഗങ്ങളെ വനത്തില്‍ തന്നെ നിലനിര്‍ത്തുന്നത്, അവ നാട്ടിലെത്തിയാല്‍ ആഘാതം കുറയ്ക്കുന്നത്, ദുരിതബാധിതര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് പദ്ധതിക്കുള്ളത്. വന്യജീവികള്‍ പുറത്ത് വരുന്നത് തടയാന്‍ വനത്തിനുള്ളിലെ വിഭവങ്ങളുടെ ലഭ്യത പരിശോധിക്കും. കിടങ്ങ്, സൗരോര്‍ജ വേലി, തൂക്കുവേലി തുടങ്ങിയവയോടൊപ്പം ശാസ്ത്രീയ പഠനം നടത്തി പുതിയ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കും. നാട്ടിലെത്തുന്ന വന്യമൃഗങ്ങളെ ജനങ്ങള്‍ക്ക് അപകടം ഉണ്ടാകാതെ തിരികെ അയക്കും. ദുരിതബാധിതര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കും. നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുന്നതിന്  മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്ത് നടപടി സ്വീകരിക്കും. കൃഷിനാശത്തിന് ഇന്‍ഷുറന്‍സ് എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപന ലക്ഷ്യങ്ങളില്‍ ഒന്നാണ്. പൊതുമേഖല ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രീമിയം കുറഞ്ഞ രീതിയില്‍ ഇത് നടപ്പാക്കും.സംസ്ഥാനത്തെ വനമേഖലകളെ വന്യജീവി സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ 12 ആയി തിരിച്ച് ഓരോ മേഖലയ്ക്കും പ്രത്യേക പദ്ധതി തയ്യാറാക്കും. കാട്ടുപന്നി കൃഷി നശിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ളവയുടെ പരിഹാരത്തിനായി കേന്ദ്ര വനംവകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തും. കാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് കൂടുതല്‍ ഷൂട്ടര്‍മാരെ നിയോഗിക്കും. കാട്ടാനകളെ നാട്ടിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നായ ചക്കപ്പഴം അടുത്ത സീസണ്‍ മുതല്‍ മുന്‍കൂട്ടി ശേഖരിച്ച് സംഭരിക്കുന്നതിന് കൃഷിവകുപ്പുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കും. കര്‍ഷകര്‍ക്ക് ന്യായവില നല്‍കി വനാതിര്‍ത്തിയിലുള്ള പ്ലാവുകളിലെ ചക്ക പഴുക്കും മുന്‍പ് ശേഖരിക്കും.വനം വകുപ്പിന്റെ  റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കും. വന്യജീവി സംഘര്‍ഷ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 192 കോടി രൂപ നടപ്പ് സാമ്പത്തിക വര്‍ഷം വകയിരുത്തി.       വനംവകുപ്പിന്റെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത ഏജന്‍സികളെ ഒഴിവാക്കും. വനാതിര്‍ത്തിയിലുള്ള  തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി അടുത്ത മാസം തിരുവനന്തപുരത്ത് ശില്‍പശാല സംഘടിപ്പിക്കുമെന്നും അവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. രൂക്ഷമാകുന്ന വന്യജീവി- മനുഷ്യ സംഘര്‍ഷം പരിഹരിക്കുന്നതാവശ്യപ്പെട്ട് പഴകുളം മധു എംഎല്‍എ നിയമസഭയില്‍ അടിയന്തര ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രി ജില്ലയിലെത്തിയത്.
റാന്നി വടശ്ശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പഴകുളം മധു എംഎല്‍എ അധ്യക്ഷനായി. ആന്റോ ആന്റണി എംപി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സോഷ്യല്‍ ഫോറസ്റ്ററി)
 പ്രമോദ് ജി കൃഷ്ണന്‍, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ആര്‍ കമലഹാര്‍,  ജില്ലാ കലക്ടര്‍ എ നിസാമുദ്ദീന്‍, റാന്നി ഡി എഫ് ഒ എന്‍ രാജേഷ്, കോന്നി ഡി എഫ്  ഒ ആയുഷ് കുമാര്‍ കോറി,  തദ്ദേശസ്ഥാപന അധ്യക്ഷര്‍,ആര്‍ എസ് പി ജില്ല സെക്രട്ടറി എ എസ് ശിവകുമാര്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments