നഴ്‌സുമാരുടെ ആവശ്യം ശക്തം;സ്വകാര്യ ആശുപത്രികളിലെ സേവനങ്ങൾ തടസ്സപ്പെടും
തിരുവനന്തപുരം: രോഗികളുടെ ജീവൻ കാത്തുസൂക്ഷിക്കാൻ രാവും പകലും സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാർക്ക് ‘ജീവിക്കാൻ മതിയാകുന്ന ശമ്പളം വേണം’ എന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. മിനിമം വേതനം ഉയർത്തണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ നഴ്‌സുമാർ സമരത്തിലേക്ക് കടക്കുന്നു.
ആവശ്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ഈ മാസം മുതൽ ആശുപത്രികളിൽ സമരം ആരംഭിക്കുമെന്ന് സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര വിഭാഗങ്ങളിൽ മാത്രമാകും സേവനം തുടരുക. വാർഡുകളിലെ പതിവ് ഡ്യൂട്ടികളിൽ നിന്ന് നഴ്‌സുമാർ വിട്ടുനിൽക്കാനാണ് തീരുമാനം. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരനടപടികൾ ശക്തമാകുന്നത്.
കുറഞ്ഞത് 40,000 രൂപയെങ്കിലും മാസശമ്പളമാക്കണമെന്നാണ് പ്രധാന ആവശ്യം. സംസ്ഥാനത്തെ ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ ആയിരക്കണക്കിന് നഴ്‌സുമാർ സമരത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നതായി സംഘടനകൾ അറിയിച്ചു. ചെറുകിട ക്ലിനിക്കുകൾ മുതൽ വാർഡ് തല ആരോഗ്യകേന്ദ്രങ്ങൾ വരെ ഇതിന്റെ പ്രതിഫലം ഉണ്ടാകാനിടയുണ്ട്.
നഴ്‌സുമാരുടെ ശമ്പളവും സേവന വ്യവസ്ഥകളും മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കണമെന്ന ആവശ്യം ദീർഘകാലമായി ആവശ്യപ്പെടുന്നതാണ്.
ആരോഗ്യരംഗം മുഴുവൻ കാത്തിരിക്കുന്നത് ഒരേയൊരു കാര്യത്തിനാണ് ,പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്തുന്ന ഒരു അനുകൂല തീരുമാനം.



