Thursday, September 17, 2026
Home Blog Page 2

പട്ടിയെ അഴിച്ചുവിട്ടതിനെ ചൊല്ലിതർക്കം : സഹോദരന്റെ വാരിയെല്ല് ചവിട്ടി ഒടിച്ചയാൾ പിടിയിൽ

0

പത്തനംതിട്ട ഓമല്ലൂരിൽപട്ടിയെ അഴിച്ചു വിട്ടതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് മുതിർന്ന സഹോദരന്റെ വാരിയെല്ല് ചവിട്ടി ഒടിക്കുകയും, താക്കോൽക്കൂട്ടം കൊണ്ട് മുഖത്തും ശരീരത്തും ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഒരാളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഓമല്ലൂർ പുത്തൻപീടിക സ്വദേശി ഐമാലി എന്ന സ്ഥലത്ത് കുറ്റിയിൽ വീട്ടിൽ ഷാജി (45) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. പ്രതിയുടെ മൂത്ത സഹോദരനായ സന്തോഷ് (50) നെയാണ് ഇയാൾ ക്രൂരമായി ആക്രമിച്ചത്. ഓഗസ്റ്റ് 29 ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അന്ന് രാവിലെ ഷാജി വളർത്തുന്ന പട്ടിയെ ആരോ അഴിച്ച് വിട്ടിരുന്നു. തിരികെ വന്ന പട്ടിയുടെ ശരീരത്ത് മുറിവുകൾ കാണപ്പെടുകയും സന്തോഷാണ് പട്ടിയെ അഴിച്ചുവിട്ടത് എന്നും , അതിനാൽ മറ്റു പട്ടികൾ കടിച്ച് ആണ് പ്രതിയുടെ പട്ടിക്ക് മുറിവ് പറ്റിയത് എന്നും ആരോപിച്ചായിരുന്നു ആക്രമണം. പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ ജി. അരുൺ , എസ് ഐ,അനീഷ് എബ്രഹാം, എസ് ഐ ആൻസുദീൻ , എസ് സി പി ഒ മാരായ അൽസാം വിജേഷ്, സുബിൻ , സി പി ഒ മാരായ മിഥുൻ , അരുൺ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 4, വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് ആരംഭിക്കും

0

പതിനായിര കണക്കിന് ഭക്ത ജനങ്ങളും 52 കരയിലെ പള്ളിയോട പ്രവർത്തകരും ഒരുമിച്ചിരുന്നു ഉണ്ണുന്ന അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 4, വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് ആരംഭിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ . കെ ജയകുമാർ ആനകൊട്ടിലിൽ ഭദ്ര ദീപം കൊളുത്തി ഭഗവാൻ ശ്രീ പാർത്ഥസാരഥിക്ക് സമർപ്പിക്കും.തുടർന്ന് ക്ഷേത്രത്തിന്റെ മുറ്റത്തു ഇരുന്ന് 52 കരയിലെ പള്ളിയോട പ്രവർത്തകർ വിഭവ സമൃദ്ധമായ സദ്യ കഴിക്കും. ക്ഷേത്രത്തിന്റെ തെക്കേ മുറ്റത്തുള്ള സദ്യാലയത്തിൽ മറ്റ് ഭക്ത ജനങ്ങൾക്കായ് ഉള്ള സമൂഹ സദ്യയും വിതരണം ചെയ്യും. പ്രത്യേക ക്ഷണിതാക്കൾക്ക് പാഞ്ചജന്യം ഓഡിറ്റോറിയത്തിലും അഷ്ടമിരോഹിണി വള്ളസദ്യക്കു സംഭാവന നല്കുന്നവർക്ക് കൃഷ്ണവേണി ഓഡിറ്റോറിയത്തിലും കരകളിൽ നിന്ന് പ്രത്യേകമായി അയക്കുന്നവർക്ക് വിനായക ഓഡിറ്റോറിയത്തിലും സദ്യ നല്കുന്നതാണ്. ഇതിനുള്ള കൂപ്പണുകൾ പ്രത്യേകമായി നല്കിയിട്ടുണ്ട്. അഷ്ടമിരോഹിണി വള്ളസദ്യയിൽ ഒരു ലക്ഷത്തിൽ അധികം പേർക്ക് വള്ളസദ്യ നല്കുന്നതിനുള്ള ക്രമീകരണങ്ങൾ ആണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിനു ആവശ്യം ആയ അരി സമർപ്പിക്കുന്നത് കീഴുകര ഇട്ടിയം വേലിൽ പ്രസന്ന കുമാർ ആണ്.
അഷ്ടമിരോഹിണി വള്ളസദ്യ ഒരുക്കുന്നതിനു ആറന്മുള ക്ഷേത്രത്തിലെ ഊട്ട് പുരയിൽ ബുധൻ കാലത്ത് 6.45 ന് ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് കൊണ്ട് വന്ന ഭദ്രദീപം അടുപ്പിൽ
അഗ്നി പകർന്നു . രണ്ടു ദിവസത്തെ 600 ൽ പരം ആളുകളുടെ ശ്രമ ഫലമായി ആണ് സദ്യ വട്ടം ഒരുക്കുന്നത്. ക്ഷേത്രത്തിനുള്ളിൽ സദ്യ ഒരുക്കുന്നത് പാർത്ഥൻ കാറ്ററിംഗ് അനീഷ്‌ ചന്ദ്രനും, മറ്റ് സദ്യാലയത്തിൽ ഒരുക്കുന്നത് ശ്രീ വത്സം കാറ്ററിംഗ് ശ്രീരാജുമാണ്.
അഷ്ട മിരോഹിണി വള്ളസദ്യയുടെ തുടക്കം കുറിച്ച് പാചകപ്പുരയിൽ പള്ളിയോട സേവാ സംഘം പ്രസിഡണ്ട് കെ വി സാംബദേവൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു

തണ്ണിതോട്ടിൽ വ്യാജരേഖ ചമച്ച് ലൈഫ് പദ്ധതിയിൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കിയ വി ഇ ഓ അറസ്റ്റിലായി

0

പത്തനംതിട്ട തണ്ണിതോട്ടിൽ വ്യാജ രേഖകൾ ചമച്ച് ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപ ബന്ധുക്കളുടെ പേരിലും മറ്റുമുള്ള അക്കൗണ്ടുകളിലേക്ക് മാറ്റിയ കേസിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ തണ്ണിത്തോട് പോലീസ് അറസ്റ്റ് ചെയ്തു.
കോന്നി അരുവാപുലം മുതുപേഴുങ്കൽ സ്വദേശി മ്ലാന്തടം എന്ന സ്ഥലത്ത് പുത്തൻവീട്ടിൽ നവനീത് ഭാര്യ റാണി ലക്ഷ്മി (37) ആണ് പോലീസിന്റെ പിടിയിലായത്.തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് ഇപ്പോൾ തണ്ണിത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർ മുൻപ് ജോലി ചെയ്തിരുന്ന അരുവാപ്പുലം, സീതത്തോട് പഞ്ചായത്തുകളിലും സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുള്ളതായി വെളിവായിട്ടുണ്ട്.
ഇവർ കോന്നി പോലീസ് സ്റ്റേഷനിലെ മറ്റു ചില ക്രിമിനൽ കേസുകളിലും പ്രതിയാണ്. കൊന്നി പോലീസ് സർക്കിൾ ഇൻസ്പെക്ടർ വി എസ് കിരണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ഉടൻ ലോൺ” എന്ന വാഗ്ദാനം; പണം നഷ്ടപ്പെടും മുമ്പ് ജാഗ്രത പാലിക്കൂ! പോലീസിന്റെ മുന്നറിയിപ്പ്

0

 

വ്യാജ ലോൺ ആപ്പുകൾ കെണിയാകുന്നു: വ്യക്തിഗത വിവരങ്ങൾ ചോർത്തിയും ഭീഷണിപ്പെടുത്തിയും തട്ടിപ്പ് — പൊതുജനങ്ങൾക്ക് സൈബർ പോലീസിന്റെ മുന്നറിയിപ്പ്

അടിയന്തരമായി ലോൺ ലഭ്യമാക്കാമെന്നും കുറഞ്ഞ രേഖകൾ മാത്രം മതിയെന്നും വാഗ്ദാനം ചെയ്ത് മൊബൈൽ ആപ്പുകളും സോഷ്യൽ മീഡിയയും വഴി പൊതുജനങ്ങളെ ആകർഷിക്കുന്ന വ്യാജ ലോൺ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബർ പോലീസ് മുന്നറിയിപ്പ് നൽകി.

വേഗത്തിൽ ലോൺ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് പിന്നീട് വിവിധ തരത്തിലുള്ള സാമ്പത്തിക നഷ്ടവും സ്വകാര്യതാ ലംഘനവും നേരിടേണ്ടിവരാം. Processing Fee, GST, Insurance, Verification Charge തുടങ്ങിയ വിവിധ പേരുകളിൽ ആദ്യം ചെറിയ തുക ആവശ്യപ്പെടുകയും പിന്നീട് പല കാരണങ്ങൾ പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ സാധാരണ രീതി.

ചില ആപ്പുകൾ ഉപയോക്താവിന്റെ Contacts, Photos, Messages തുടങ്ങിയ വിവരങ്ങളിലേക്ക് അനാവശ്യ access നേടാൻ ശ്രമിക്കുകയും, പിന്നീട് ഈ വിവരങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്നതായും പോലീസ് മുന്നറിയിപ്പ് നൽകി.

🔴 FAKE LOAN APP — 5 RED FLAGS

1️⃣ “മിനിറ്റുകൾക്കുള്ളിൽ ലോൺ” എന്ന അമിത വാഗ്ദാനം

വളരെ കുറഞ്ഞ രേഖകളിൽ, credit പരിശോധനയില്ലാതെ, ഉടൻ ലോൺ ലഭിക്കുമെന്ന് പറയുന്നത് സംശയിക്കണം.

2️⃣ ലോൺ ലഭിക്കുന്നതിന് മുൻപ് പണം ആവശ്യപ്പെടുന്നു

Processing Fee, GST, Insurance, File Charge തുടങ്ങിയ പേരുകളിൽ മുൻകൂർ പണം ആവശ്യപ്പെടുന്നത് വലിയ മുന്നറിയിപ്പ് സൂചനയാണ്.

3️⃣ അനാവശ്യ Mobile Permissions

Contacts, Gallery, Photos, Messages തുടങ്ങിയവയിലേക്ക് ആവശ്യത്തിലധികം access ആവശ്യപ്പെടുന്ന ആപ്പുകൾ ശ്രദ്ധിക്കണം.

4️⃣ ഭീഷണിപ്പെടുത്തലും അപമാനിക്കലും

ലോൺ തിരിച്ചടയ്ക്കാൻ വൈകിയാൽ നിങ്ങളുടെ contacts-ലേക്ക് സന്ദേശം അയയ്ക്കും, ഫോട്ടോകൾ പ്രചരിപ്പിക്കും തുടങ്ങിയ ഭീഷണികൾ തട്ടിപ്പിന്റെ ഭാഗമായേക്കാം.

5️⃣ സംശയാസ്പദമായ Link / WhatsApp Number

അറിയാത്ത SMS, WhatsApp, Telegram അല്ലെങ്കിൽ സോഷ്യൽ മീഡിയ ലിങ്കുകൾ വഴി ലഭിക്കുന്ന loan applications വിശ്വസിച്ച് ഇൻസ്റ്റാൾ ചെയ്യരുത്.

🟢 DO ✅

✔️ ലോൺ നൽകുന്ന സ്ഥാപനത്തിന്റെ നിയമപരമായ വിവരങ്ങളും വിശ്വാസ്യതയും പരിശോധിക്കുക.

✔️ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് ആവശ്യപ്പെടുന്ന permissions പരിശോധിക്കുക.

✔️ ഔദ്യോഗികവും വിശ്വസനീയവുമായ ധനകാര്യ സ്ഥാപനങ്ങളുടെ സേവനങ്ങൾ മാത്രം ഉപയോഗിക്കുക.

✔️ ബാങ്ക്/UPI ഇടപാടുകൾക്കുള്ള വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക.

✔️ തട്ടിപ്പിനിരയായാൽ ഉടൻ 1930-ൽ വിളിക്കുക.

✔️ Screenshots, Phone Numbers, Messages, App Details, Transaction Details എന്നിവ തെളിവായി സൂക്ഷിക്കുക.

🔴 DON’T ❌

❌ പരിചയമില്ലാത്ത ലിങ്കുകളിൽ നിന്ന് Loan App ഡൗൺലോഡ് ചെയ്യരുത്.

❌ OTP / UPI PIN / ATM PIN / CVV / Internet Banking Password ആരുമായും പങ്കുവെക്കരുത്.

❌ ലോൺ ലഭിക്കുന്നതിനായി അപരിചിതർക്ക് മുൻകൂർ പണം അയയ്ക്കരുത്.

❌ Contacts, Photos, Messages എന്നിവയ്ക്ക് അനാവശ്യ permission നൽകരുത്.

❌ തട്ടിപ്പുകാരുടെ ഭീഷണിക്ക് വഴങ്ങി വീണ്ടും വീണ്ടും പണം അയയ്ക്കരുത്.

❌ തട്ടിപ്പ് നടന്നാൽ തെളിവുകൾ delete ചെയ്യരുത്.

🚨 1930 — സൈബർ തട്ടിപ്പ് നടന്നാൽ ഉടൻ വിളിക്കുക

“പണം പോയി എന്ന് മനസ്സിലായാൽ കാത്തിരിക്കരുത് — ഉടൻ 1930!”

സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ National Cyber Crime Helpline 1930-ൽ ഉടൻ വിളിക്കുക.

കൂടാതെ National Cyber Crime Reporting Portal വഴി പരാതി നൽകുക.

⏱️ ആദ്യ മണിക്കൂറുകൾ നിർണായകം!

തട്ടിപ്പ് നടന്ന ഉടൻ റിപ്പോർട്ട് ചെയ്യുന്നത് പണം കൈമാറ്റം തടയുന്നതിനും നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കുന്നതിനുമുള്ള സാധ്യത വർധിപ്പിക്കും.

🔐 സൈബർ പോലീസ് ഓർമ്മിപ്പിക്കുന്നു

“ലോൺ എടുക്കുന്നതിന് മുമ്പ് ആപ്പ് പരിശോധിക്കുക.
പണം നൽകുന്നതിന് മുമ്പ് സ്ഥാപനത്തെ പരിശോധിക്കുക.
വിവരങ്ങൾ നൽകുന്നതിന് മുമ്പ് permissions പരിശോധിക്കുക.”

ജാഗ്രത പാലിക്കൂ — സൈബർ തട്ടിപ്പിൽ നിന്ന് സുരക്ഷിതരാകൂ.

പത്തനംതിട്ട സൈബർ ക്രൈം പോലീസ്
കേരള പോലീസ്.

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിലായി

0

പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ് അരികിൽ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന 62 കാരനായ ഭാർഗവൻ പിള്ള എന്ന ആളിനെ ആക്രമിക്കുകയും പിച്ചാത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു.പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷൻ എന്ന സ്ഥലത്ത് കാവിന്റെ വടക്കത്തിൽ വീട്ടിൽ അഭിഷേക് രാജൻ (35) നെയാണ് പന്തളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എബിൻ പ്രസാദ് എസ് സി പി ഒ മാരായ എസ് ബൈജു, എസ് അൻവർ ഷാ എന്നിവർ അടങ്ങിയ സംഘം പിടികൂടിയത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയിരുന്ന പ്രതിയെ തന്ത്രപരമായ നീക്കത്തിലൂടെ പന്തളം പോലീസ് പിടികൂടുകയായിരുന്നു ഒരു വർഷത്തിന് മുൻപ് പ്രതിയുടെ അച്ഛൻ റോഡിലേക്ക് ഗോമൂത്രം ഒഴുക്കി വിട്ടത് ഭാർഗവൻ പിള്ള ഉൾപ്പെടുന്ന നാട്ടുകാരിൽ ചിലർ ആരോഗ്യവകുപ്പിൽ പരാതി നൽകിയിരുന്നു. ഇതിലെ വിരോധം മൂലമാണ് പ്രതി ഇദ്ദേഹത്തെ ആക്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കെല്‍ട്രോണ്‍നോളഡ്ജ്സെന്ററില്‍ പ്രവേശനം /റാങ്ക്പട്ടികപ്രസിദ്ധീകരിച്ചു/പി.എസ്.സി അഭിമുഖം/സബ് ട്രഷറിയില്‍ ഇടപാട് മുടങ്ങും/ടെന്‍ഡര്‍/ഗതാഗത നിയന്ത്രണം/അതിഥി അധ്യാപകനിയമനം/എജ്യൂക്കേറ്റര്‍ നിയമനം/ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം/ടെക്നിക്കല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു

0

ടെക്നിക്കല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു

സാമൂഹ്യനീതി വകുപ്പിന്റെ ജില്ലയിലെ മെയിന്റനന്‍സ് ട്രൈബ്യൂണലുകളിലെ രണ്ട് ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം സെപ്റ്റംബര്‍ 10 രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍. യോഗ്യത: സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം (എംഎസ്ഡബ്ല്യു), മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിംഗ്, വേര്‍ഡ് പ്രോസസിംഗില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സ്. പ്രായപരിധി 40 വയസ്. മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ നിശ്ചിത യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം അന്നേ ദിവസം രാവിലെ 09.30 ന് പമ്പ ഹാളില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് ജില്ല സാമൂഹ്യനീതി ഓഫീസില്‍ നേരിട്ടോ 0468 2325168 എന്ന നമ്പറിലോ ബന്ധപ്പെടണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പന്തളം സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ മൂന്ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04734 292829.

എജ്യൂക്കേറ്റര്‍ നിയമനം

ജില്ലയില്‍ വനിത ശിശു വികസന വകുപ്പിന് കീഴില്‍ വയലത്തലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് എജ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ബി.എഡ് ആണ് യോഗ്യത. പ്രതിമാസ വേതനം 10000 രൂപ. ഉദ്യോഗാര്‍ഥികള്‍ അപേക്ഷ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി സെപ്റ്റംബര്‍ ഒമ്പത് രാവിലെ 11ന് ചില്‍ഡ്രന്‍സ് ഹോമില്‍ അഭിമുഖത്തിന് ഹാജരാകണം. പരിസരവാസികള്‍ക്ക് മുന്‍ഗണന. ഫോണ്‍: 8139043854.

അതിഥി അധ്യാപക നിയമനം

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി അടൂര്‍ സബ് സെന്ററില്‍ അതിഥി അധ്യാപക തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത കമ്പ്യൂട്ടര്‍ എഞ്ചിനീയറിഗ്/ എം.സി.എ/എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) ഒന്നാം ക്ലാസ് ബിരുദം. സെപ്റ്റംബര്‍ ഏഴ് രാവിലെ 10.30 ന് ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം അടൂര്‍ സെന്ററില്‍ ഹാജരാകണം. ഫോണ്‍: 9947123177.

ഗതാഗത നിയന്ത്രണം

റോഡ് കട്ടിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ തിരുവല്ല – കുമ്പഴ റോഡില്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ കുമ്പഴ ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് ഇന്ന് (സെപ്റ്റംബര്‍ രണ്ട്) മുതല്‍ ഭാഗികമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 7594972121.

ടെന്‍ഡര്‍

മല്ലപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 11 വൈകിട്ട് മൂന്ന്. വിവരങ്ങള്‍ക്ക് മല്ലപ്പള്ളി ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9656894481.

സബ് ട്രഷറിയില്‍ ഇടപാട് മുടങ്ങും

പത്തനംതിട്ട സബ് ട്രഷറി മിനി സിവില്‍ സ്റ്റേഷനില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനാല്‍  സെപ്റ്റംബര്‍ മൂന്ന്, അഞ്ച് തീയതികളില്‍ ഇടപാടുകള്‍ ഉണ്ടായിരിക്കില്ല. പകരം ക്രമീകരണം ജില്ല ട്രഷറിയില്‍ ഉണ്ടായിരിക്കുമെന്ന് സബ്ട്രഷറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9496000057.

പി.എസ്.സി അഭിമുഖം

വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) (ഫസ്റ്റ് എന്‍.സി.എ ഹിന്ദു നാടാര്‍) (കാറ്റഗറി നമ്പര്‍ 512/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്ളവര്‍ക്കായി സെപ്റ്റംബര്‍ 11 ഉച്ചയ്ക്ക് 12 ന് ജില്ല പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഒറ്റത്തവണ വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ജനന തീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും വ്യക്തിവിവര കുറിപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2222665.

പി.എസ്.സി അഭിമുഖം

വിദ്യാഭ്യാസ വകുപ്പിലെ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം) ഫസ്റ്റ് എന്‍.സി.എ ലത്തീന്‍ കത്തോലിക്/ആംഗ്ലോ ഇന്‍ഡ്യന്‍ (കാറ്റഗറി നമ്പര്‍ 264/2025)  തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്ളവര്‍ക്ക് സെപ്റ്റംബര്‍ 11 രാവിലെ 11 ന് ജില്ല പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഒറ്റത്തവണ വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ജനന തീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും വ്യക്തിവിവര കുറിപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2222665.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഗ്രേഡ് രണ്ട് (ഫസ്റ്റ് എന്‍.സി.എ ഒ.ബി.സി) (കാറ്റഗറി നമ്പര്‍ 853/2025), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഗ്രേഡ് രണ്ട് (ഫസ്റ്റ് എന്‍.സി.എ ധീവര) (കാറ്റഗറി നമ്പര്‍ 854/2025) തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ല പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പ്രവേശനം

മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ പി.ജി.ഡി.സി.എ, ഡി.സി.എ, വേഡ് പ്രോസസ്സിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷന്‍ തുടങ്ങിയ കോഴ്സുകളിലേക്കും മറ്റ് തൊഴിലധിഷ്ഠിത കോഴ്സുകളായ ഓട്ടോകാഡ്, അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈന്‍ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. ഫോണ്‍: 8281905525, 0469 2961525.

തിരുവല്ല ഇരവിപേരൂരിൽസുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടു കൊന്ന കേസിൽ രണ്ടുപേർ റിമാൻഡിലായി

0

തിരുവല്ല ഇരവിപേരൂരിൽ ഒപ്പമിരുന്ന് മദ്യപിച്ച സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽ രണ്ടുപേരെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു.തിരുവല്ല ഇരവിപേരൂർ ചിറയിൽ പടി എന്ന സ്ഥലത്ത് കുടമലയിൽ വീട്ടിൽ ബാബു എന്ന് വിളിക്കുന്ന വൈശാഖ് ബാബു (29) , തിരുവല്ല ഇരവിപേരൂർ സ്വദേശി ചിറയിൽ വീട്ടിൽ ജോജു എന്നു വിളിക്കുന്ന ജോജു ജോൺ എബ്രഹാം (35) എന്നിവരാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. ഇവരോടൊപ്പം ഇരുന്ന് മദ്യപിച്ച തിരുവല്ല ഇരവിപേരൂർ സ്വദേശി കുളക്കാട്ടിൽ താഴെക്കാലായിൽ വീട്ടിൽ ജൂവൽ ജോൺ (35) എന്ന ചെറുപ്പക്കാരനെയാണ് വൈശാഖ് ബാബു ജോജുവിന്റെ വീട്ടിലെ കിണറ്റിൽ തള്ളിയിട്ടത്.
ഞായറാഴ്ച രാവിലെ 11 ഓടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സുഹൃത്തുക്കളായ മൂന്നുപേരും ജോജുവിന്റെ വീട്ടുമുറ്റത്ത് ഒന്നിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു തുടർന്ന് ഇവർ തമ്മിൽ പിടിവലിയും അടിപിടിയും ഉണ്ടായി വൈശാഖ് ജോജുവിനെയും ജുവലിനെയും പിടിവലിക്കിടെ കിണറ്റിലേക്ക് തള്ളിയിട്ടു. തുടർന്ന് ഒരു ഓട്ടോറിക്ഷയിൽ വൈശാഖ് അവിടെ നിന്ന് രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് ജോജുവിനെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയത്. എന്നാൽ കിണറ്റിൽ വീണു കിടന്ന ജുവൽ ജോണിനെ രക്ഷപ്പെടുത്താൻ ശ്രമിക്കാതെ ഓടിക്കൂടിയ നാട്ടുകാരെ ജോജു തെറ്റിദ്ധരിപ്പിച്ചു. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട വൈശാഖ് ബാബുവിനെയും ജോജുവിനെയും തിരുവല്ല പോലീസ് ഞായറാഴ്ച രണ്ടരയോടെ പിടികൂടിയിരുന്നു. തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ കെ എസ് ഗോപകുമാർ , സബ് ഇൻസ്പെക്ടർ റിയാസ് റഹീം , എ എസ് ഐ ജയകുമാർ , സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ദീപു , പുഷ്പദാസ് , സി പി ഒ മാരായ വിമൽ, സുദീപ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.അസ്വാഭാവിക ഭരണത്തിന് ആണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് ഇത് കുറ്റകരമായ നരഹത്യ ആക്കി മാറ്റുകയും ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

പന്തളത്ത് ഓണാഘോഷത്തിനിടെ പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിലായി

0

പന്തളം വിജയപുരത്ത് ഓണാഘോഷ പരിപാടികൾക്കിടെ മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും ഓണാഘോഷ പരിപാടികൾ കാണാൻ എത്തിയവരെ ആക്രമിക്കുകയും പിന്തിരിപ്പിക്കാൻ ശ്രമിച്ച പന്തളം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ ഇടിവള കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസിൽ മൂന്നു പേരെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു പന്തളം ചേരിക്കൽ എന്ന സ്ഥലത്ത് മുപ്പത്താറുവിളയിൽ വീട്ടിൽ ഓമനക്കുട്ടൻ എന്നയാളുടെ മകൻ നിഖിൽ (25) , പത്തനംതിട്ട വള്ളിക്കോട് നരിയാപുരം വയലാ കടവ് എന്ന സ്ഥലത്ത് വിളയിൽ പുത്തൻവീട്ടിൽ അനീഷ് ഗോപാലകൃഷ്ണൻ (25) , പന്തളം വിജയപുരം തെക്കേ ചെരുവിൽ എന്ന സ്ഥലത്ത് ചെന്നേലിൽ വീട്ടിൽ പ്രമോദ് മുരളി (24) എന്നിവരെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഓഗസ്റ്റ് 27ആം തീയതി) പന്തളം വിജയപുരത്ത് നടന്ന ഓണാഘോഷ പരിപാടിയിലായിരുന്നു ഇവർ അക്രമം നടത്തിയത്. അക്രമം തടയാൻ ശ്രമിച്ച പന്തളം പോലീസ് സ്റ്റേഷനിലെ സബ്ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ഇവർ ഇടിവള കൊണ്ട് ആക്രമിച്ച്പരിക്കേൽപ്പിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർമാരായ വിനോദ് കുമാർ സി.വി , ബിജു , എ എസ് ഐ സഞ്ജയൻ എസ് സി പി ഒ അൻവർഷ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഓഫീസ് അറിയിക്കുന്ന പത്രക്കുറിപ്പ്

0

ആറന്മുള ഉത്രട്ടാതി ജലമേള ഉദ്ഘാടനം ചെയ്യുന്നതിനായി ഉപരാഷ്ട്രപതി എത്തിച്ചേർന്ന വാഹനവ്യൂഹത്തിലെ ഒരു വാഹനത്തിനും ആശയ വിനിമയത്തിനുള്ള വയർലെസ് സംവിധാനങ്ങൾക്ക് യാതൊരുവിധ തകരാറും സംഭവിച്ചിരുന്നില്ല എന്നും , മറ്റ് സാങ്കേതിക തകരാറുകളും ഉണ്ടായിരുന്നില്ല എന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. വി വി ഐ പി മാരുടെ യാത്രാ വേളകളിൽ വാഹനവ്യൂഹത്തിലെ മുഴുവൻ വാഹനങ്ങളും മുൻകൂർ പരിശോധിച്ച് ഉറപ്പുവരുത്താറുണ്ട്.വാഹനവ്യൂഹത്തിൽ ഉൾപ്പെടാത്ത വാഹനങ്ങൾ ഇടവേളകളിൽ പരിശോധനകൾക്ക് വിധേയമാക്കാറുണ്ട്. അത്തരത്തിൽ ഏതെങ്കിലും പോലീസ് വാഹനം പരിശോധിക്കുന്നതായി കാണപ്പെട്ടത് തെറ്റിദ്ധരിക്കപ്പെട്ടത് ആവാൻ സാധ്യതയുണ്ട്.ഇത്തരത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട വാർത്ത വാസ്തവ വിരുദ്ധമാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഉതിമൂട് പൗരാവലിയുടെയും ഉതിമൂട് ഡോ.ടൈറ്റസ് മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ‘ഉതി മൂട് ഓണം മൂട് 2026’ നാടിന്റെ ഓണാഘോഷം സംഘടിപ്പിച്ചു

0

റാന്നിഉതിമൂട് പൗരാവലിയുടെയും ഉതിമൂട് ഡോ.ടൈറ്റസ് മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ‘ഉതി മൂട് ഓണം മൂട് 2026’
നാടിന്റെ ഓണാഘോഷം സംഘടിപ്പിച്ചു.രാവിലെ 8 മണി മുതൽ ആരംഭിച്ച പരിപാടിയുടെ വൈകുന്നേരം നടന്ന സാംസ്കാരിക പൊതുസമ്മേളനം അഡ്വ.പഴകുളം മധു എംഎൽഎ ഉദ്ഘാടനം ചെയ്തു.ചെയർമാൻ തമ്പി മംഗലത്തിൽ അധ്യക്ഷത വഹിച്ചു.മുൻ എംഎൽഎ രാജു എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.സാമൂഹ്യ പ്രവർത്തക ഡോ.മറിയ ഉമ്മൻ മുഖ്യാഥിതിയായിരുന്നു.ജനറൽ കൺവീനർ റിജോ റോയി തോപ്പിൽ, പി.ആർ.പ്രസാദ്,റവ.ടി.എസ്.തോമസ്, ശ്രീക്കുട്ടൻ തിരുമേനി, ബാബുരാജ് ടി.ജെ, ദിലീപ്പ് ഫിലിപ്പ്, രഞ്ജിത്ത് കേളശ്ശേരിൽ, എം.ആർ. സുനിൽ മാമ്പാറ,സാലി മേലെത്തോപ്പിൽ, ടോംജി കാവടപ്പടിക്കൽ,ഹാരിസൺ പൊയ്കമൺ,ആനന്ദൻ ടി.ആർ, ജോയി മേലെത്തോപ്പിൽ, രാജീവ്‌ എം.ആർ,ദീപ വിശ്വനാഥ്, സുരേഷ് തെങ്ങുംകൂട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.അതിനുശേഷം നാടിന്റെ കലാരൂപങ്ങളും നാടിന്റെ കലാകാരന്മാരുടെ കലാവിരുതുകളും അരുൺ ഗിന്നസ് നയിച്ച വെറൈറ്റി മ്യൂസിക്കൽ ടാലന്റ് ഷോയും നടത്തപ്പെട്ടു.